സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സമൂഹത്തിലേയ്ക്കു്

ഇന്ത്യന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ (FSMI) രണ്ടാം അഖിലേന്ത്യാ സമ്മേളനം 2017 ജനുവരി 26 മുതല്‍ 29 വരെ ചെന്നൈയിൽ ബി എസ് അബ്ദുറെഹ്‌മാന്‍ സര്‍വ്വകലാശാലയില്‍ നടക്കുകയാണു്. സാര്‍വ്വദേശീയമായി, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിന്റെ കാല്‍ നൂറ്റാണ്ടു് പിന്നിടുന്ന വേള കൂടിയാണിത്. ഈ രംഗത്ത് വലിയ മാറ്റങ്ങള്‍ക്കു് തുടക്കം കുറിച്ച കാലഘട്ടം കൂടിയായിരുന്നു1990 കളുടെ തുടക്കം. ഇന്റര്‍നെറ്റിന്റെ അതിദ്രുത വ്യാപനം ഈ മാറ്റങ്ങൾക്ക് അടിത്തറയേകി. ധനമൂലധനം അതിന്റെ പ്രാദേശിക ബന്ധനങ്ങളില്‍ നിന്നു് വിടുതല്‍ നേടി ആഗോള വിന്യാസവും വ്യാപനവും കേന്ദ്രീകരണവും ഇതിലൂടെ സാധ്യമാക്കി. മുതലാളിത്ത ഉല്പാദനശാലകളുടെ കേന്ദ്രീകരണം ഒഴിവാക്കി തുടങ്ങി. ലാഭം കുന്നുകുട്ടാനുള്ള കമ്പോളങ്ങൾ, കുറഞ്ഞ വിലക്ക് അസംസ്കൃത പദാര്‍ത്ഥങ്ങളുടേയും തൊഴില്‍ ശേഷിയുടേയും ലഭ്യത എന്നിവ നോക്കിയും, മറുവശത്ത് തൊഴില്‍ ശേഷിയുടെ കേന്ദ്രീകരണം ഒഴിവാക്കിയും ഉല്പാദനത്തിന്റെ വിതരിത വിന്യാസം സാര്‍വ്വദേശീയ ധനമൂലധനം സുഗമമാക്കി. സോഷ്യലിസത്തിനു ചില രാജ്യങ്ങളിൽ താൽകാലികമായി ഉണ്ടായ പിന്നോട്ടി ആഗോള ധനമൂലധന കുത്തൊഴുക്കിന് രാഷ്ട്രീയ സഹായമേകി. ഇന്ത്യയില്‍ ഈ കാലഘട്ടത്തിലാണ് നവ ഉദാരവല്കരണത്തിനു് തുടക്കം കുറിച്ചത്. ഇങ്ങനെയുള്ള ഒട്ടേറെ മുതലാളിത്ത അനുകൂല മാറ്റങ്ങള്‍ക്കിടയിൽ, അവയില്‍ നിന്നു് തികച്ചും വേറിട്ട് നിന്ന ഒരു കൂട്ടായ്മയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം. സാമൂഹ്യ പുരോഗതിയുടെ കുതിപ്പ് ലക്ഷ്യം വെച്ചുള്ള ഒരു പറ്റം കണ്ടെത്തെലുകളുടെ സംഭാവനകളാണ് തൊണ്ണുറുകളുടെ തുടക്കത്തില്‍ ആരംഭിച്ച സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ വിജയകരമായ മുന്നേറ്റത്തിന്റെ ചരിത്രം.

ആവശ്യമുള്ളവർക്ക് സ്വതന്ത്രമായി എടുത്ത് ഉപയോഗിക്കാവുന്ന ഗ്നൂ/ലിനക്സ് സോഫ്റ്റ്‌വെയറുകൾ സൃഷ്ടിക്കപ്പെട്ടു. സ്വകാര്യ ഉടമസ്ഥതയ്ക്കു് പകരം പൊതു ഉടമസ്ഥത ഈ രംഗത്തു് നിർമ്മിക്കപ്പെട്ടു. ജനറല്‍ പബ്ലിക് ലൈസന്‍സ് (GPL) എന്നപേരില്‍ പുതിയൊരു നിയമ വ്യവസ്ഥയും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹം തന്നെ സൃഷ്ടിച്ച് സമൂഹത്തിന് നൽകി. ഭരണ കൂടത്തിന്റേയോ നിയമനിര്‍മ്മാണ സഭയുടേയോ പങ്കാളിത്തമില്ലാതെ സൃഷ്ടിക്കപ്പെട്ടതും കോടതികളുടെ ഇടപെടലില്ലാതെ സമൂഹം പൊതു സമ്മതപ്രകാരം നടപ്പാക്കപ്പാക്കി പോരുന്നതുമാണു് ഈ നിയമം. സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാനും പകര്‍ത്താനും പഠിക്കാനും മാറ്റം വരുത്താനും പങ്കു് വെയ്ക്കാനും കൈമാറാനും വിലയ്ക്കു് വില്‍ക്കാനുമുള്ള അളവില്ലാത്ത സ്വാതന്ത്ര്യം അനുവദിക്കുന്ന നിയമവ്യവസ്ഥയാണതു്. സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള ഉപകരണങ്ങളുടെ വ്യാപനത്തിലും ഇന്റര്‍നെറ്റിന്റേയും സാമൂഹ്യ മാധ്യമങ്ങളുടേയും വികാസത്തിലും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നല്‍കിയ സംഭാവന അളവറ്റതാണു്. എല്ലാ ഉപകരണങ്ങളേയും ബന്ധിപ്പിച്ചു് അവയുടെ വിദൂര മാനേജ്മെന്റു് സാധ്യമാക്കുന്ന ഇന്റര്‍ നെറ്റു് ഓഫ് തിങ്ങ്സ്‘ (IoT) എന്ന സങ്കല്പം വരെ സാധ്യമാകും വിധം ശൃംഖല വിപുലമാക്കപ്പെടുകയാണു്. വിഭവങ്ങളുടെ പൊതു ഉടമസ്ഥത ഒരുക്കുന്ന മേന്മകളും സാധ്യതകളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ചൂണ്ടിക്കാട്ടുന്നു.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് സാങ്കേതിക സ്വാംശീകരണം നേടുകയാണു് വികസ്വരഅവികസിത നാടുകളടക്കം ലോകമാകെ ജനങ്ങള്‍ക്കു് വിവര സാങ്കേതിക മുന്നേറ്റം ഒരുക്കുന്ന സാധ്യതകള്‍ അനുഭവവേദ്യമാക്കുന്നതിനുള്ള മാര്‍ഗ്ഗം. നവഉദാരവല്കരണ ഘട്ടത്തില്‍ ആഗോള മൂലധനം നടപ്പാക്കുന്ന ഉല്പാദനത്തിന്റെ വിതരിത ഘടനമൂലം തൊഴിലാളി വര്‍ഗ്ഗം നേരിടുന്ന വെല്ലുവിളികള്‍ക്കുള്ള പരിഹാരവും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്വാംശീകരണവും സംഘാടനത്തിലടക്കം അതുപയോഗിച്ചുള്ള സ്വതന്ത്രമായ ശൃംഖലയുടെ വിപുലമായ ഉപയോഗവുമാണു്.

സോഫ്റ്റ്‌വെയര്‍ രംഗത്തു് സാങ്കേതികവിദ്യ സ്വതന്ത്രമാക്കപ്പെട്ടെങ്കിലും അതിന്റെ ഉപയോഗം ഇന്നും വ്യാപകമായിട്ടില്ല. ഉപകരണങ്ങളുടെ രംഗത്തും ശൃംഖലയുടെ രംഗത്തും കുത്തക നിലനില്കുന്നു. ടെലികോം രംഗത്തു് ബിഎസ്എന്‍എല്‍ അടക്കം ഇന്ത്യന്‍ കമ്പനികളാകെ അവയ്ക്കാവശ്യമായ ഉപകരണങ്ങളും വ്യവസ്ഥകളും 87% ഇറക്കുമതി ചെയ്യുകയാണു്. ഇറക്കുമതി ചെലവിനേക്കാള്‍ വളരെ കുറഞ്ഞ നിരക്കില്‍ പൊതു കമ്പോളത്തില്‍ നിന്നു് വാങ്ങുന്ന കമ്പ്യൂട്ടറുകളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സന്നിവേശിപ്പിച്ചു് പുതുതലമുറ ടെലിഫോണ്‍ എക്സ്

ചേഞ്ചുകളും മറ്റുപകരണങ്ങളും ആഭ്യന്തരമായി തന്നെ ഉല്പാദിപ്പിക്കാവുന്നതാണു്. ‘ഡിജിറ്റല്‍ ഇന്ത്യ‘, ‘മേക് ഇന്‍ ഇന്ത്യതുടങ്ങിയ മുദ്രാവാക്യങ്ങള്‍ വെറും കാപട്യങ്ങളാണു്. അവയുടെ പേരില്‍ മൂലധനത്തിന്റെ കുത്തൊഴുക്കു് അനുവദിക്കപ്പെടുക മാത്രമാണു് നടക്കുന്നതു്. സാങ്കേതിക വിദ്യ സ്വാംശീകരിക്കപ്പെടുന്നില്ല. ആഭ്യന്തരമായി ഉല്പാദനം വര്‍ദ്ധിക്കുന്നുമില്ല. ആഗോള ധനമൂലധനാധിപത്യത്തിന്റെ മേധാവിത്വം ഇന്ത്യയിലും അടിച്ചേല്പിക്കപ്പെടുകയാണു്.

അതിന്റെ ഭാഗമായി ഭരണ പരിഷ്കാരം സാധ്യമാക്കുന്ന ഇഭരണം, സ്ഥാപനഭരണം, ബാങ്കിങ്ങു് തുടങ്ങി മറ്റിതര ഇസേവനങ്ങള്‍ക്കെല്ലാം ഏറിയകൂറും നിലവില്‍ സ്വകാര്യ കുത്തക സോഫ്റ്റ്‌വെയറുകളാണു് വിന്യസിക്കപ്പെടുന്നതു്. ദേശീയ വിഭവം പുറത്തേയ്ക്കൊഴുകുന്നു, സാങ്കേതികാടിമത്തം സ്ഥായിയാക്കപ്പെടുന്നു. മുകളിൽ പ്രതിപാദിച്ച മേഖലകളിലൊക്കെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് തുടങ്ങിയാല്‍ സാങ്കേതിക സ്വാംശീകരണം സാധിക്കാം. ആഭ്യന്തരമായി തൊഴില്‍ സൃഷ്ടിക്കാം. നമ്മുടെ ജനാധിപത്യാഭിനിവേശങ്ങള്‍ക്കനുസരിച്ചുള്ള ഭരണ പരിഷ്കാരം കൊണ്ടുവരാം. സോഫ്റ്റ്‌വെയറിലും അതുപയോഗിച്ചുള്ള ഉപകരണങ്ങളിലും തുടങ്ങി ക്രമേണ കമ്പ്യൂട്ടറിന്റെ മൈക്രോപ്രോസസറുകളും മദര്‍ബോര്‍ഡുകളും അടക്കം ഇവിടെത്തന്നെ ഉല്പാദിപ്പിച്ചു് തുടങ്ങാം.

ചൈന വിവര സാങ്കേതിക രംഗത്തു് നടത്തിയ മുന്നേറ്റം ഇന്ത്യയ്ക്കും മാതൃകയാക്കാവുന്നതാണു്. സര്‍ക്കാരിന്റെ സര്‍വ്വതോമുഖമായ പിന്തുണയാണു് ഈ രംഗത്തു് ചൈന കൈവരിച്ച നേട്ടങ്ങളുടെ അടിത്തറയായി വര്‍ത്തിച്ചതു്. സാങ്കേതിക സ്വാംശീകരണം നേരിടുന്ന പ്രശ്നം സാങ്കേതിക വിദ്യയുടെ അഭാവമോ ലഭ്യതക്കുറവോ അല്ല, മറിച്ചു് സാധ്യതകള്‍ ബോധ്യപ്പെടുന്നതിന്റേയും ഇച്ഛാശക്തിയുടേയും സംഘാടനത്തിന്റേയും സാമൂഹ്യ പിന്തുണയുടേയും കുറവു് മാത്രമാണു്. മുതലാളിത്തത്തിന്റെ അടിത്തറയായ സ്വകാര്യ സ്വത്തുടമാവകാശത്തോടും മത്സരത്തോടും സ്വകാര്യ കുത്തക സോഫ്റ്റ്‌വെയറിനോടുമുള്ള ആരാധനയും അവമാത്രം ഉപയോഗിക്കുന്നതും സാങ്കേതികാടിമത്തത്തിനു് വഴിവെയ്ക്കുന്നു എന്നതാണു് സ്ഥിതി. പകരം പൊതു ഉടമസ്ഥതയോടും കൂട്ടായ്മയോടും പങ്കാളിത്തത്തോടും സഹകരണത്തോടും ആഭിമുഖ്യമുണ്ടായാല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറും സ്വതന്ത്ര വിജ്ഞാനവും ഉപയോഗിച്ചു് വൻ മുന്നേറ്റങ്ങൾ സൃഷ്ടിക്കാനാവും.

കേന്ദ്ര സര്‍ക്കാര്‍ ബോധപൂര്‍വ്വം സൃഷ്ടിച്ച നാണയ പ്രതിസന്ധി, നാണയം പിന്‍വലിക്കലിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളെ നിസാര വൽക്കരിച്ച് രാഷ്ട്രീയമതസാംസ്കാരിക രംഗത്തെന്ന പോലെ ബാങ്കിങ്ങു് രംഗത്തും ഫാസിസ്റ്റു് സമാന പ്രവണതകളുടെ കടന്നു് കയറ്റമാണു് കാണുവാൻ സാധിച്ചത്. സ്വന്തം അദ്ധ്വാന ഫലമായി നേടുന്ന പണം ഉപയോഗിക്കാനുള്ള ജനങ്ങളുടെ അവകാശം പോലും ഭരണകൂടവും റിസര്‍വ്വു് ബാങ്കും ചേർന്ന് നാളിതു് വരെ കണ്ടിട്ടില്ലാത്ത വിധം കയ്യേറുകയാണു്. ഇപ്പറഞ്ഞ മുതലാളിത്ത സ്ഥാപനങ്ങളുടെയെല്ലാം പൊതു വിശ്വാസ്യത തകര്‍ക്കപ്പെട്ടിരിക്കുന്നു. മുതലാളിത്ത കമ്പോളം തന്നെ കൂട്ടക്കുഴപ്പത്തിലായിരിക്കുന്നു. ഉള്ളവരുടെ നിക്ഷേപം പിന്‍വലിക്കാന്‍ അനുവാദമില്ലാതെ വരുമ്പോൾ, അവര്‍ തൊഴില്‍ നല്‍കുന്ന ദിവസ കൂലിക്കാരുടെ തൊഴിലും കൂലിയും അവര്‍ സാധനങ്ങള്‍ വാങ്ങുന്ന ചെറുകിട കച്ചവടക്കാരുടെ വരുമാനവും തകർത്തെറിയപ്പെടുകയാണ്. ഇതിന്റെ അലകള്‍ സമൂഹമാകെ ആഞ്ഞടിക്കുന്നു. രാജ്യത്ത് ഭരണകൂടം തന്നെ അരാജകത്വം സൃഷ്ടിച്ചിരിക്കുന്നു.

നിലവിലുള്ള നാണയ വ്യവസ്ഥതന്നെ ഇത്രയേറെ സ്വേച്ഛാപരമായി പ്രയോഗിക്കപ്പെടാമെങ്കില്‍ നാണയാധിഷ്ഠിത ഡിജിറ്റല്‍ ബാങ്കിങ്ങു് എത്രമാത്രം സ്വേച്ഛാപരമാകാം എന്നു് ഊഹിക്കാവുന്നതേയുള്ളു. നാണയ വ്യവസ്ഥയ്ക്കു് പകരം ഭാവിയില്‍ ഡിജിറ്റല്‍ നാണയങ്ങള്‍ (ബിറ്റ് കോയിന്‍ പോലുള്ളവ) നടപ്പായാല്‍ അത്തരം വ്യവസ്ഥകളിന്മേല്‍ ജനങ്ങള്‍ക്കു് യാതൊരു നിയന്ത്രണവും ഉണ്ടാവില്ല. ജനങ്ങള്‍ ഇരകള്‍ മാത്രമാകും. ശൃംഖലയുടെ കേന്ദ്രീകൃത ഘടന ഉപയോഗിച്ചു് ഭരണകൂടത്തിന്റെ വരുതിയ്ക്കു് നില്കുന്ന സമൂഹത്തെ സൃഷ്ടിക്കുകയാണു് മുതലാളിത്തത്തിന്റെ സമകാലിക തന്ത്രം.

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കേന്ദ്രീകരിച്ചിരിക്കുന്ന ശൃംഖലാ (network) വിഭവങ്ങള്‍ (സെര്‍വ്വര്‍, വിവരസംഭരണി, മെമ്മറി ഫാം തുടങ്ങിയവ) ജനങ്ങളാകെ ഉപയോഗിക്കുന്നു എന്നതാണു് നിലവില്‍ ശൃംഖലയുടെ കേന്ദ്രീകരണത്തിന്റെ അടിസ്ഥാനം. ശൃംഖലയ്ക്കു് സ്വതവേ വിതരിത ഘടനയാണുള്ളതു്. വ്യക്തിപരമായോ പ്രാദേശികമായോ സ്ഥാപനാടിസ്ഥാനത്തിലോ സൃഷ്ടിക്കുന്ന ഏതു് ഒറ്റപ്പെട്ട ശൃംഖലയായാലും അതിനെ ഇന്റര്‍നെറ്റിനോടു് ബന്ധിപ്പിച്ചാല്‍ അതു് ഇന്റര്‍നെറ്റിന്റെ ഭാഗമാണു്. അത്തരം സ്വതന്ത്ര ശൃംഖലകളില്‍ അതിന്റെ ഉടമയ്ക്കു് നിയന്ത്രണമുണ്ടാകും. ശൃംഖലയുമായി ബന്ധിപ്പിച്ചു് സാര്‍വ്വദേശീയമായി ഉപയോഗിക്കുകയും ചെയ്യാം. യഥാര്‍ത്ഥത്തില്‍ ഓരോ രാജ്യത്തും ശൃംഖലാ വിഭവങ്ങളായ റൂട്ടറുകളും പരസ്പര ബന്ധങ്ങളും സൃഷ്ടിക്കുന്നതു് തദ്ദേശീയ കമ്മ്യൂണിക്കേഷന്‍ സേവനദാതാക്കളാണു്. കാലിഫോര്‍ണിയയിലെ ആഗോള കേന്ദ്രം ആര്‍ക്കും ഒരു സേവനവും നല്‍കുന്നില്ല. ദേശീയ ശൃംഖലകളെ ബന്ധിപ്പിക്കുന്നു എന്നതു് മാത്രമാണവര്‍ ചെയ്യുന്നതു്. ഉപയോഗിക്കുന്നവര്‍ പ്രാദേശിക ജനവിഭാഗമാണു്. വിഭവങ്ങളും പ്രാദേശികമാണു്. പരസ്പര ബന്ധം മാത്രം ആഗോളം. അതാണു് നിലവിലുള്ള കേന്ദ്രീകൃത ശൃംഖല. മെയില്‍ സെര്‍വ്വറുകളും വിവരസംഭരണികളും തദ്ദേശീയമായി സ്ഥാപിച്ചുപയോഗിക്കാതെ സാമ്രാജ്യത്വ കേന്ദ്രീകരണത്തിനു് നിന്നു് കൊടുക്കുന്നു എന്നതാണു് നിലവില്‍ ശൃംഖലയുടെ കേന്ദ്രീകരണ സ്വാഭാവത്തിന്റെ കാരണം.

ധനമൂലധനത്തിന്റെ ഫാസിസ്റ്റു് സമാന കടന്നാക്രമണങ്ങൾക്കുള്ള ജനകീയ മറുപടി, ജീവിതമാര്‍ഗ്ഗം നിഷേധിക്കപ്പെട്ട ദിവസക്കുലിക്കാരായ കര്‍ഷകരോടും തൊഴിലാളികളോടും, തൊഴിലാളി വര്‍ഗ്ഗമാകെ ഐക്യപ്പെടുക എന്നതാണു്. തൊഴിലാളിവര്‍ഗ്ഗ നേതൃത്വത്തില്‍, പ്രാദേശിക സ്വയംഭരണ സംവിധാനങ്ങളുമായി ഒത്തുചേർന്ന് അവയുടെ പ്രാദേശികവും ദേശീയവും സാര്‍വ്വദേശീയവുമായ സ്വതന്ത്ര ശൃംഖല കെട്ടിപ്പെടുത്തി, അവ ഉപയോഗിച്ച് ഭരണകൂടധനകാര്യ ഫാസിസത്തിന്റെ പിന്നിലെ കുത്തകകളെ നേരിടാവുന്നതാണു്. അതുമൂലം താല്കാലികമായി ഉണ്ടായേക്കാവുന്ന അസൗകര്യങ്ങൾ, ഭരണകൂടം സൃഷ്ടിക്കുന്ന അരാജകത്വവുമായി തട്ടിച്ചു നോക്കിയാൽ തുലോം നിസാരമാണ്. കാലഹരണപ്പെട്ട വ്യവസ്ഥയുടെ തകര്‍ച്ചയിലേയ്ക്കും പുതുസമൂഹ സൃഷ്ടിയിലേയ്ക്കും നയിക്കുന്ന ഉപാധിയാണു്, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സാധ്യമാക്കുന്ന പ്രാദേശിക സ്വയംഭരണ സമൂഹങ്ങളുടെ വിതരിത ശൃംഖല.

സാമ്പത്തിക രംഗത്തെന്നപോലെ ഭരണസാംസ്കാരിക രംഗങ്ങളിലും മുതലാളിത്തത്തിന്റെ സ്വേച്ഛാധിപത്യപരമായ മേധാവിത്വം അവസാനിപ്പിക്കാന്‍ പ്രാദേശിക സമൂഹങ്ങള്‍ സ്വന്തമായി സെര്‍വ്വറുകളും വിവര സംഭരണികളും സ്ഥാപിച്ചു് വിതരിത ശൃംഖല ഉപയോഗിക്കേണ്ടിയിരിക്കുന്നു. ധനമൂലധന മേധാവിത്വത്തിന്റെ ആഗോളവല്കരണ നയങ്ങൾക്കുള്ള ബദല്‍ പ്രാദേശിക സമൂഹങ്ങളുടെ സാര്‍വ്വദേശീയ ശൃംഖലാ ബന്ധമാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയറും അതു് സാധ്യമാക്കുന്ന സാങ്കേതിക വിദ്യയുടെ സാമൂഹ്യ സ്വാംശീകരണവും വിതരിത ശൃംഖലയും അതിനുള്ള ഉപാധികളാണു്. കാലഹരണപ്പെട്ട മുതലാളിത്തം അടിച്ചേല്പിക്കുന്ന അന്ധവും വിഭജിതവുമായ ഡിജിറ്റല്‍ സമൂഹത്തില്‍ നിന്നു് സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സമൂഹത്തിലേയ്ക്കുള്ള പ്രയാണത്തിന്റെ പാതയാണിത്.

ഈ വിഷയങ്ങള്‍ക്കൊപ്പം നാളിതുവരെ ഇന്ത്യയില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മേഖലയില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും, വരുംകാല പ്രവര്‍ത്തനങ്ങളുടെ ദിശ നിര്‍ണ്ണയിക്കലും ഈ ദേശീയ സമ്മേളനത്തിൽ വിഷയീഭവിക്കും. വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സങ്കേതങ്ങളില്‍ പഠനസ്വാംശീകരണ പ്രക്രിയകള്‍ക്കു് തുടക്കം കുറിക്കും. അവയുടെ സാധ്യതകള്‍ ചര്‍ച്ച ചെയ്യുകയും അനുഭവങ്ങള്‍ പങ്കുവെയ്ക്കപ്പെടുകയും ചെയ്യും.

ലേഖകൻ : ജോസഫ് തോമസ്  #FSMI

***

 

Leave a comment